To advertise here, Contact Us



തലയെടുപ്പുള്ള നേതാവ്, കയറ്റിറക്കങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതം


2 min read
Read later
Print
Share

ആർ ബാലകൃഷ്ണപിള്ള | ഫയൽ ചിത്രം

കൊട്ടാരക്കര: 'ഏറെ തെറ്റിദ്ധരിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താന്‍, രാഷ്ട്രീയശത്രുക്കളുടെ നിറംപിടിപ്പിച്ച നുണക്കഥകളാല്‍ വലഞ്ഞവന്‍...; ബാലകൃഷ്ണപ്പിള്ളയുടെ ആത്മകഥയിലെ വാക്കുകളില്‍ വേട്ടയാടപ്പെട്ട മനുഷ്യന്റെ തേങ്ങലുകളായിരുന്നു പ്രതിഫലിച്ചത്. ശത്രുക്കളുടെ കല്ലേറിനുമുന്നില്‍ കുനിയാത്ത തലയെടുപ്പോടെ ബാലകൃഷ്ണപിള്ള എന്നും തലയുയയര്‍ത്തി നിന്നിരുന്നു. മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുമണ്ഡലത്തിലേക്ക് കാലൂന്നിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തിരനോട്ടം കയറ്റിറക്കങ്ങളുടേതുതന്നെയാണ്.

To advertise here, Contact Us

1947ല്‍ വാളകം ഹൈസ്‌കൂളില്‍ നാലാംഫോറത്തില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്സ് യൂണിയനില്‍ പി.കെ.വി.യില്‍നിന്ന് നാല് ചക്രത്തിന്റെ അംഗത്വമെടുത്ത് തുടങ്ങിയതാണ് ആ രാഷ്ട്രീയജീവിതം. കമ്യൂണിസ്റ്റുകാരനായി ആരംഭിച്ച രാഷ്ട്രീയബോധം യൗവനത്തില്‍ കോണ്‍ഗ്രസിലേക്ക് വഴിമാറി. 'കീഴൂട്ട് ഒരു കുഞ്ഞുമരിച്ചാല്‍ അതിനെ അടക്കണമെങ്കില്‍ ഞങ്ങളുടെ അനുവാദം വേണമെന്ന്' വാളകത്ത് വീട്ടുമുറ്റത്തുനിന്ന് കെ.ആര്‍.ഗൗരിയമ്മ പ്രസംഗിച്ചത് പിള്ളയുടെ മനസ്സില്‍ കനലായി. മന്നത്ത് പദ്മനാഭന്റെ ആശീര്‍വാദത്തോടെ സമുദായപ്രവര്‍ത്തനത്തിനിറങ്ങി.

1960ല്‍ പത്തനാപുരത്ത് അധ്യാപകനായ എന്‍.രാജഗോപാലന്‍ നായര്‍ക്കെതിരേ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ 'അനാഗതശ്മശ്രു'-മീശമുളയ്ക്കാത്തവന്‍- എന്ന് കമ്യൂണിസ്റ്റ് നേതാവ് പി.ടി.പുന്നൂസിന്റെ ആക്ഷേപം. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണ് പിന്നെക്കണ്ടത്. 1960, 65, 77, 80, 82, 87, 91, 96, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും. 1971ല്‍ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്പോര്‍ട്ട്, എക്സൈസ്, ജയില്‍, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായി.

1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. കെ.പി.സി.സി., എ.ഐ.സി.സി. എക്സിക്യുട്ടീവ് കമ്മിറ്റികളില്‍ അംഗമായിരുന്ന പിള്ള പി.ടി.ചാക്കോ എന്ന രാഷ്ട്രീയഗുരുവിനെ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു. ആര്‍. ശങ്കര്‍ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടുചെയ്തത് പി.ടി. ചാക്കോയെ പിന്നില്‍നിന്ന് കുത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെയും കേരളത്തിലെ യു.ഡി.എഫിന്റെയും സ്ഥാപകനേതാവായി പിള്ള വളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍നിന്നിറങ്ങിയ പിള്ള ജയില്‍മന്ത്രിയാകുന്നതും കേരളം കണ്ടു.

കേരള കോണ്‍ഗ്രസുകള്‍ തലങ്ങും വിലങ്ങും പിളര്‍ന്നപ്പോഴും പിള്ള വളര്‍ന്നു. കേരളത്തിന് നല്‍കാമെന്ന് കേന്ദ്രം ഏറ്റിരുന്ന റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതിന്റെ പ്രതിഷേധം പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന വിവാദത്തിലും മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിലേക്കും എത്തിയത് രാഷ്ട്രീയകേരളം മറക്കില്ല.

1980-81ല്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന പിള്ള, തുടര്‍ന്നുവന്ന കരുണാകരന്‍ മന്ത്രിസഭയിലും വൈദ്യുതിമന്ത്രിയായി. ഇടുക്കി രണ്ടാംഘട്ടം, ലോവര്‍ പെരിയാര്‍, ഇടമലയാര്‍, കക്കാട്, കുറ്റ്യാടി, അഴുത, നാരകക്കാനം തുടങ്ങി ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ യാഥാര്‍ഥ്യമായത് ഈ കാലയളവിലായിരുന്നു. ഇതില്‍ ഇടമലയാര്‍ രാഷ്ട്രീയജീവിതത്തിലെ കറുത്ത പൊട്ടായിമാറി. നാടിനെ സേവിച്ചതിന് രാഷ്ട്രീയശത്രുക്കള്‍ വാങ്ങിനല്‍കിയത് ജയില്‍ജീവിതമാണെന്ന് പിള്ള ഇതേക്കുറിച്ചുപറയുന്നു.

കൊട്ടാരക്കരയില്‍ കൊടിക്കുന്നിലിന്റെ ഉദയത്തോടെ കോണ്‍ഗ്രസുമായുള്ള പിള്ളയുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടായി. 2006ല്‍ കൊട്ടാരക്കരയില്‍ പരാജയപ്പെട്ടത് ഒപ്പംനില്‍ക്കുന്നവര്‍ ചതിച്ചതിനാലാണെന്ന് പിള്ള ഉറച്ചുവിശ്വസിച്ചു. പാര്‍ട്ടിക്കുള്ളില്‍ മകനുമായുണ്ടായ ഭിന്നത കേരള കോണ്‍ഗ്രസി(ബി)ല്‍ പിളര്‍പ്പിന്റെ വക്കോളമെത്തിയെങ്കിലും പിള്ളയെന്ന രാഷ്ട്രീയചാണക്യനുമുന്നില്‍ വിമതരും മകനും മുട്ടുമടക്കുന്നകാഴ്ച കേരളം കണ്ടു. മകന്റെ മന്ത്രിസ്ഥാനം കളയാന്‍ വാശിപിടിച്ച അതേ പിള്ളതന്നെ അത് തിരികെക്കിട്ടാന്‍ വാശിപിടിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി വാക്കുതെറ്റിച്ചപ്പോള്‍ മൂന്നരപ്പതിറ്റാണ്ടുനീണ്ട യു.ഡി.എഫ്. ബാന്ധവം ഉപേക്ഷിക്കാനും പിള്ള മടിച്ചില്ല.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
fathima thazkiya

2 min

'തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' ; ആഗ്രഹിച്ച് കിട്ടിയത് പൂര്‍ത്തിയാക്കുംമുമ്പേ തസ്‌കിയ മടങ്ങി

Apr 19, 2024


election

92-കാരി വീട്ടിൽ വോട്ടുചെയ്യുമ്പോൾ ഇടപെട്ട് ബ്രാഞ്ച്സെക്രട്ടറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ | വീഡിയോ

Apr 19, 2024


ed sasidharan kartha

1 min

CMRL-എക്‌സാലോജിക് ദുരൂഹ പണമിടപാട്: ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ED മൊഴിയെടുക്കുന്നു

Apr 17, 2024


priya varghese

1 min

പ്രിയ വർഗീസിന് എതിരായ ഹർജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

Apr 19, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us