To advertise here, Contact Us



വിശ്വമാനവികതയുടെ കാവ്യാദ്വൈതം


ആലങ്കോട് ലീലാകൃഷ്ണന്‍

3 min read
Read later
Print
Share

-

മലയാളത്തിന്റെ വിശ്വമഹാകവി യുഗദീര്‍ഘമായൊരു സ്‌നേഹവസന്തം അക്കിത്തത്തിന്റെ കവിതകളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നു. സ്‌നേഹം എന്ന വിശുദ്ധവികാരമാണ് എന്നും അക്കിത്തത്തിന്റെ പ്രത്യയശാസ്ത്രം.

To advertise here, Contact Us

'നിരുപാധികമാം സ്‌നേഹം/ ബലമായിവരും ക്രമാല്‍ / അതാണഴ,കതേ സത്യം / അതു ശീലിക്കല്‍ ധര്‍മവും'

ഒരു ഭാരതീയ കവിക്കുമാത്രം സാക്ഷാത്കരിക്കാന്‍ കഴിയുന്ന ഈ സ്‌നേഹദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

'അമ്പലങ്ങളീവണ്ണം / തുമ്പില്ലാതെ വരയ്ക്കുകില്‍ / വമ്പനാമീശ്വരന്‍ വന്നി-/ട്ടെമ്പാടും നാശമാക്കിടും'

എന്ന്, വീടിനടുത്തുള്ള അമേറ്റിക്കര ഹരിമംഗലം ക്ഷേത്രത്തിന്റെ ചുമരില്‍ കുറിയിടുന്ന കാലത്ത് അക്കിത്തത്തെ അച്യുതന്‍ എന്ന നമ്പൂരിക്കുട്ടി ഉപനയനം കഴിഞ്ഞിട്ടില്ലാത്ത ഉണ്ണിയായിരുന്നു. ലോകനടത്തിപ്പിന്റെ തുമ്പില്ലായ്മയ്‌ക്കെതിരേയാണ് അന്നുമുതലിന്നോളം അക്കിത്തം എഴുതിയതും പ്രവര്‍ത്തിച്ചതും.

സാമൂഹികനവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരുനാഥന്‍. ആഢ്യത്വവും ജന്മിത്തവും സംബന്ധവ്യവസ്ഥയുംതൊട്ട് കടവല്ലൂര്‍ അന്യോന്യംവരെ കടപുഴക്കിയെറിഞ്ഞ് തുലാക്കാറ്റുപോലെ കടന്നുപോയ ആ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുവിതച്ചവരുടെ കൂടെ അക്കിത്തം എന്ന ഉണ്ണിനമ്പൂതിരിയുമുണ്ടായിരുന്നു. 'അഗ്‌നിഹോത്ര'ത്തില്‍നിന്ന് അനാഥജനസഞ്ചയത്തിന്റെ യോഗക്ഷേമത്തിലേക്കായിരുന്നു ആ യാത്ര.

വി.ടി.യോടൊപ്പം യോഗക്ഷേമസഭയിലെ പുരോഗമനപക്ഷത്ത് പ്രവര്‍ത്തിച്ച കാലത്താണ് ഐ.സി.പി. നമ്പൂതിരിയുടെയും ഇ.എം.എസിന്റെയുമൊക്കെ സ്വാധീനത്തില്‍ കമ്യൂണിസ്റ്റുപക്ഷത്തേക്കുവന്നത്. തൃത്താല ഫര്‍ക്കയില്‍, കേരള സംസ്ഥാന രൂപവത്കരണത്തിനുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ കെ.ബി. മേനോനെതിരേ മത്സരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് തിരഞ്ഞെടുത്തത് അക്കിത്തത്തെയായിരുന്നു. പക്ഷേ, അച്ഛന്‍ അന്ന് അക്കിത്തത്തോടുപറഞ്ഞു: ''നീ രാഷ്ട്രീയത്തില്‍ പരാജയമാവും. കവിതയില്‍ പക്ഷേ, വിജയിക്കും.'' അക്കിത്തം, അച്ഛന്‍ ചൂണ്ടിക്കാട്ടിയ വഴി സ്വീകരിച്ചു.

അക്കിത്തത്തിലെ കവിയെ പിന്നീട് ആഴത്തില്‍ കണ്ടെത്തിയത് മഹാകവി ഇടശ്ശേരിയാണ്. അക്കിത്തത്തിന്റെ ഒരു കവിത വായിച്ച് ഇടശ്ശേരി പറഞ്ഞത്രെ: ''ഇയാള്‍ക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയുന്നവര്‍ക്ക് കരയാനും കഴിയും.''

കവിതയില്‍നിന്ന് കണ്ണുനീര്‍ത്തുള്ളി കുഴിച്ചെടുക്കാനാണ് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചത്. അന്നുമുതല്‍ 'രുദിതാനുസാരി' (കരച്ചിലിനെ അനുസരിക്കുന്നവന്‍) യായിത്തീര്‍ന്നു ഈ വലിയ കവി. കവിത കണ്ണുനീരിന്റെ ലവണദര്‍ശനവും ജലകാമനയുടെ വേദാന്തവുമായി.

'ഒരു കണ്ണീര്‍ക്കണം മറ്റുള്ള-/വര്‍ക്കായ് ഞാന്‍ പൊഴിക്കവേ, /ഉദിക്കയാണെന്നാത്മാവി-/ലായിരം സൗരമണ്ഡലം'

മറ്റുള്ളവരുടെ വേദനയിലും കണ്ണുനീരിലും ഹൃദയം ചേര്‍ത്തുനില്‍ക്കുന്ന ഈ 'പരക്ലേശവിവേകം' അക്കിത്തത്തെ സമാനതകളില്ലാത്ത സമഷ്ടിസ്‌നേഹത്തിന്റെ വിശ്വഗായകനാക്കി.

'കാണായാതപ്പടി കണ്ണുനീരാകിലും
ഞാനുയിര്‍കൊള്ളുന്നു വിശ്വാസശക്തിയാല്‍' എന്ന്, കണ്ണുനീര്‍ക്കടലുകളെയെല്ലാം അതിജീവിക്കുന്ന പ്രത്യാശ കൊളുത്തിപ്പിടിച്ചു മുന്നേറാന്‍ ഈ കവിയെ പ്രാപ്തനാക്കിയത് 'സ്‌നേഹ'ത്തിലുള്ള അചഞ്ചല വിശ്വാസമാണ്: 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' അക്കിത്തത്തെ കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുദ്രകുത്തുന്നതിനായി ചിലര്‍ ഉപയോഗപ്പെടുത്തി. നേരത്തേ മഹാത്മജിയുടെ പ്രേരണയില്‍ നാലണ മെമ്പര്‍ഷിപ്പെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന കവി, ചിലരുടെ കണ്ണില്‍ ചോപ്പനും ചിലരുടെ കണ്ണില്‍ ഖദറുകുപ്പായക്കാരനും ചിലരുടെ കണ്ണില്‍ ഫാസിസ്റ്റിസുമായി (മഹാത്മജിയെക്കുറിച്ച്, 'ധര്‍മസൂര്യന്‍' എന്ന ഒരുജ്ജ്വലകാവ്യവും അക്കിത്തമെഴുതിയിട്ടുണ്ട്).

പക്ഷേ, അക്കിത്തം എന്നും അനാഥരുടെയും അശരണയുടെയും പക്ഷത്തായിരുന്നു. എല്ലാ രാഷ്ട്രീയസമരങ്ങളിലും പരാജിതരാവുകയും എല്ലാ യുദ്ധങ്ങളിലും തോറ്റുപോവുകയും ചെയ്തവരുടെ പക്ഷത്തുനിന്നാണ് അക്കിത്തം 'ഇതിഹാസ'മെഴുതിയത്. തനിക്കൊന്നും ആവശ്യമില്ലെന്ന 'വിരക്തരതി' ഈ കവിയെ എന്നും ഭരിച്ചിട്ടുണ്ട്. ഓരോ തവണ ആഹുതിചെയ്യുമ്പോഴും 'അഗ്‌നയേ ഇദം ന മമഃ' എന്ന് പ്രാര്‍ഥിച്ച വേദാന്തധര്‍മ സംസ്‌കൃതിയുടെ യജ്ഞബോധമാണ് നിഷ്‌കര്‍മയോഗമായി കവിതയെ സ്വീകരിക്കാന്‍ അക്കിത്തത്തിനു പ്രേരണയായത്. മനുഷ്യര്‍ മാത്രമല്ല പ്രകൃതിയും ചരാചരപ്രാണങ്ങളും മുഴുവനും അക്കിത്തത്തിന് സഹോദരരാണ്.

'എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍/ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ /നിങ്ങള്‍തന്‍ കുണ്ഠിതം കാണ്മതില്‍ ഖേദമു-/ണ്ടെങ്കിലും നിന്ദിപ്പതില്ലെന്‍ വിധിയെ ഞാന്‍ / ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ-/നിര്‍ഭരനായൊരാ, ളെന്റെയായൈന്റയായ്'

ഈയൊരു ത്യാഗത്തിന്റെ ബുദ്ധമാര്‍ഗം ആത്മാവില്‍ സ്വീകരിച്ചതിനാല്‍ മഹാപരിത്യാഗത്തിന്റെ നിര്‍വാണപാതയില്‍ കവിത അക്കിത്തത്തെ വഴിനടത്തി. അവിടെ സുഖവും ദുഃഖവും ഇരുളും വെളിച്ചവും ഇഹവും പരവും രതിയും നിര്‍വേദവും ജീവിതവും മരണവും ഒരുപോലെയാണ്. ഒരു നേട്ടവും കാംക്ഷിക്കാത്ത സ്‌നേഹമാണ് നിത്യസത്യം. വി.ടി.യും ഇടശ്ശേരിയും നാലപ്പാടനും കുട്ടികൃഷ്ണമാരാരും വേദരത്‌നം ഏര്‍ക്കരയും ചേര്‍ന്ന് സൃഷ്ടിച്ചതാണ് തന്റെ കാവ്യവ്യക്തിത്വമെന്ന് അക്കിത്തംതന്നെ പറഞ്ഞിട്ടുണ്ട്. മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ടതൊന്നും കവിതയ്ക്ക് അന്യമല്ലെന്നുള്ളൊരു പൊന്നാനിക്കളരിയുടെ ദര്‍ശനപാരമ്പര്യം അക്കിത്തത്തില്‍ നവീനമായ വികാസംനേടി. അവിടെ ഭൗതികതയും ആത്മീയതയും രണ്ടല്ല, ഏകസത്യമാണ്. ഭാഗവതം പരിഭാഷപ്പെടുത്തിയപ്പോള്‍ വ്യാസന്റെ ലോകോത്തരമായ ഒരു ശ്ലോകം അക്കിത്തം ഇങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്:

'ആജന്മമുക്ത, നനുപേത, നെവന്റെ പോക്കില്‍ / ദ്വൈപായനന്‍ വിരഹകാതരനായ് വിളിച്ചു, /'ഹേ പുത്ര, ശാഖികളതേറ്റുപാടിയതാര്‍ക്കാ-/ യാ സര്‍വഭൂതഹൃദയന്നു നമസ്‌കരിപ്പേന്‍'

ഉപനയനം കഴിഞ്ഞിട്ടില്ലാത്തവനും കൃത്യങ്ങള്‍ സ്വയം നിര്‍വഹിക്കാനാവാത്തവനുമായ പുത്രന്‍ ശുകന്‍, സന്ന്യാസത്തിനുപോകാനായി യാത്രചോദിച്ചപ്പോള്‍ സര്‍വസംഗപരിത്യാഗിയായ വ്യാസന്‍പോലും മമത കൈവിടാനാവാതെ 'മകനേ ശുകാ' എന്നു വിളിച്ചുപോയി. അപ്പോള്‍ സര്‍വചരാചരങ്ങളും വിളികേട്ടു.

ആ സര്‍വഭൂതഹൃദയത്വമാണ് അക്കിത്തത്തിന്റെ കവിത. അത് ഒന്നിനെയും ഒഴിവാക്കുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്ന മഹാസ്‌നേഹസ്പന്ദമായിരിക്കുകമാത്രം ചെയ്യുന്നു. താന്‍ കമ്യൂണിസം പഠിച്ചത് ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍നിന്നാണെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടിടത്ത് 'സമാനം, സമാനം' എന്നാവര്‍ത്തിച്ചതു വായിച്ച് ആത്മാവിലുള്‍ക്കൊണ്ട ഈ അസാധാരണ സമഭാവനയാണ് കാലാതിവര്‍ത്തിയായ കാവ്യബലമായി അക്കിത്തത്തെ ഭരിച്ചത്.

'വെളിച്ചം ദുഃഖമാണുണ്ണീ' തമസ്സല്ലോ സുഖപ്രദം' എന്ന് സമകാലിക യുഗദുഃഖങ്ങളില്‍ മുഴുകിനിന്നുകൊണ്ട് ഒരു കറുത്ത ഉപനിഷത്ത് ഉച്ചരിക്കേണ്ടിവന്നപ്പോള്‍ അത് പ്രതിലോമപരമായിരുന്നില്ല എന്നറിയണമെങ്കില്‍ ആ വരികളുടെ മുന്നിലുള്ള വരികള്‍കൂടി ആഴത്തില്‍ വായിക്കണം. പോരാളിയും സന്ന്യാസിയും ഒരാളില്‍ ഒന്നിച്ചതിന്റെ ഋഷിദര്‍ശനമാണ് അക്കിത്തം കവിത.

Content Highlight; Akkitham Achuthan Namboothiri life and poems

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreesanth D.

1 min

കഥകളെ കൂടെക്കൂട്ടിയ ശ്രീശാന്ത്; 'മാതൃഭൂമി' വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ നേടിയത് രണ്ടാംസ്ഥാനം

Apr 16, 2024


Mathrubhumi books

1 min

മാതൃഭൂമി ബുക്‌സ് 'പുസ്തകവിചാരം' പ്രത്യേകപരിപാടി ഏപ്രില്‍ 20-ന്

Apr 16, 2024


Induchoodan Book release

1 min

ഇന്ദുചൂഡന്റെ ജീവചരിത്രമായ 'പക്ഷികളും ഒരു മനുഷ്യനും' പ്രകാശനം ചെയ്തു

Apr 16, 2024


Blessy book

1 min

ബ്ലെസ്സിയുടെ 'കാഴ്ചയുടെ തന്മാത്രകള്‍'; പുസ്തകത്തിന്റെ പ്രീ-ബുക്കിങ് തുടങ്ങി

Apr 11, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us